News Flash

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു; ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്‍ മലയോര ഗ്രാമങ്ങള്‍

തിരുവനന്തപുരം: കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കനത്തമഴ തുടരുന്നത്. നേരത്തെ കനത്ത നാശനഷ്ടങ്ങളുണ്ടായ വയനാട്ടിലും ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ഇടയ്ക്ക് മാറി നിന്നെങ്കിലും വീണ്ടും മഴ പെയ്യുന്നതായാണ് വിവരം. നേരത്തെ ഉരുള്‍പ്പൊട്ടിയ കുറിച്ച്യന്‍ മലയിലും മക്കിമലയിലും ഉരുള്‍പ്പൊട്ടല്‍ ഭീഷണി തുടരുകയാണ്. അതേസമയം ബാണാസുരസാഗര്‍ അണക്കട്ടിന്‍റെ ഷട്ടര്‍ ഇനി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴി‍ഞ്ഞ ദിവസം മൂന്ന് ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. നേരത്തെ വെള്ളം കയറിയിറങ്ങിയ അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളില്‍ വീട് വൃത്തിയാക്കാനും മറ്റു പ്രവര്‍ത്തനങ്ങളും ആരംഭിച്ചതിനിടെയാണ് ഇന്നലെ വീണ്ടും ഷട്ടറുകള്‍ തുറന്നത്. ഇതോടെ 64 കുടുംബങ്ങളെ വീണ്ടും ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. വയനാട്ടില്‍ 124 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയില്‍ 12 മണിക്കൂറായി ശക്തമായ തുടരുകയാണ്. കോഴിക്കോട്ടെ മലയോര മേഖലയില്‍ മാത്രമല്ല മഴയുള്ളത്. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രാവിലെ 10 മണിവരെയും തോര്‍ന്നിട്ടില്ല. മലയോര പ്രദേശങ്ങളെല്ലാം ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുത്തപ്പന്‍ പുഴയിലും ഇരവഴിഞ്ഞി പുഴയിലും ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമായില്ലെങ്കിലും നദികള്‍ ജലനിരപ്പ് പെട്ടെന്നുയര്‍ന്നത് സംശയം ബലപ്പെടുത്തുന്നുണ്ട്. കോഴിക്കോട് ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മലയോരഗ്രാമങ്ങളില്‍ വ്യാപകമായി കൃഷി നാശിച്ചിട്ടുണ്ട്.അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞു. നേരിയ മഴ തുടരുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയില്ലെന്നതാണ് ആശ്വാസം. നിലവില്‍ മണിക്കൂറില്‍ അഞ്ചര ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇടുക്കി അണക്കെട്ടില്‍ ആശങ്ക കുറയുമ്പോഴും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിന്റെയും ഷട്ടർ തുറന്നു. പ്രതിസെക്കന്റിൽ 12,500 ലിറ്റർ വെള്ളം തുറന്ന് വിടുന്നുണ്ടെന്നും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്‌ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴയ്ക്ക് ശമനം വരാത്തതിനാലും സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും മറ്റ് ചില ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. പാലക്കാട് ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷണൽ‌ കോളേജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധിയുണ്ട്.ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ദേവികുളം ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (പ്രൊഫഷണൽ കോളേജുകൾ,അംഗൻവാടികൾ ഉൾപ്പടെ) അവധി ആയിരിക്കും. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.